മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളിൽ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 203 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കാനുള്ള ഉത്തരവ് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പുറത്തിറക്കി. എല്ലാ വർഷവും ചെറിയപെരുന്നാളിനോടനുബന്ധിച്ച് തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാറുണ്ട്. വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ജയിൽ ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവരുമായ തടവുകാർക്കാണ് രാജാവ് മാപ്പുനൽകിയിരിക്കുന്നത്. ഈദുൽ ഫിത്ർ ദിനത്തിൽ തടവുകാർക്ക് മാപ്പു നൽകി രാജ്യത്തിന്റെ വികസന പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് രാജാവിൻറെ ഉത്തരവ്.