എത്യോപ്യൻ വിമാനാപകടം: ബോയിങ് 737 മാക്സ് തകരുന്നത് അഞ്ച് മാസത്തിനിടെ രണ്ടാം തവണ, സിവിൽ ഏവിയേഷൻ ഇൻഡസ്ട്രിയിൽ പ്രതിഷേധം പുകയുന്നു

കഴിഞ്ഞദിവസം എത്യോപ്യൻ എയർലൈൻസ് ബോയിങ് 737 മാക്സ് വിമാനം തകർന്ന് എല്ലാ യാത്രികരും മരിക്കാനിടയായ സംഭവം ബോയിങ് എന്ന വിമാന നിർമാണ കമ്പനിക്കും അവരുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ വിമാന കമ്പനികൾക്കും വലിയ തലവേദന സൃഷ്ടിച്ചതായി റിപോർട്ടുകൾ പറയുന്നു . 5 മാസത്തെ ഇടവേളയ്‌ക്കിടയിൽ ബോയിങ്ങിന്റെ   രണ്ട് 737 max  വിമാനങ്ങളാണ് പറന്നുകൊണ്ടിരിക്കുമ്പോൾ നിലം പൊത്തിയതും എല്ലാവരും മരിച്ചതും . ഇവയുടെ കാരണം വ്യക്തമായി അറിഞ്ഞില്ലെങ്കിലും എഞ്ചിനുമായി ബന്ധപ്പെട്ട നിർമാണ തകരാർ ആണെന്ന് പ്രാഥമിക നിഗമനം പുറത്തുവന്നിട്ടുണ്ട് . ബ്രാൻഡ് ന്യൂ ഇനത്തിൽപ്പെട്ട വിമാനമാണ് ഞായറാഴ്ച വീണത് . അതും ആഡിസ് അബാബ യിൽ നിന്ന് പറന്നുയർന്ന് 6 മിനുട്ടിനുള്ളിൽ പ്രത്യേക കുലുക്കം അനുഭവപ്പെടുകയും തിരിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്‌ത്‌ പരാജയപ്പെട്ടശേഷം തകരുകയുമായിരുന്നു . കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമായ കാരണം ഇല്ലാതെ ഇന്തോനേഷ്യയുടെ ഒരു 737 മാക്സ് ബോയിങ് തകർന്നുവീണതിന്റെ ഞടുക്കത്തിൽ നിന്ന് ലോകം മുക്തമാകുന്നതിനു മുന്പാണ് ഇപ്പോൾ എത്തിയോപ്യയുടെയും ദുരന്തം ഉണ്ടായിരിക്കുന്നത് .

ആയിരക്കണക്കിന് സമാന വിമാനങ്ങളാണ് മാർക്കറ്റിൽ ഉള്ളത് . എല്ലാ എയർലൈൻസ് കമ്പനികളും 737 max ഉപയോഗിക്കുകയോ ബുക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ഇൻഡസ്‌ട്രി നിരീക്ഷകർ പറയുന്നു . വിവരം അറിഞ്ഞ ഉടൻ ചൈന ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവച്ചു . ബോയിങ്ങിന്റെ ഓഹരിയിൽ വൻ തകർച്ചയാണ് ഇന്നലെ നേരിട്ടത് . 5000 വിമാനങ്ങൾക്കുള്ള ഓർഡർ കിട്ടിയതിൽ 350 എണ്ണം ഇതിനകം ഡെലിവർ ചെയ്തിട്ടുണ്ട് . ഒരെണ്ണത്തിന് 120 മില്യൺ ഡോളർ ആണ് ഈ അമേരിക്കൻ വിമാനത്തിന്റെ വില . ഇന്ധനം കുറച്ചുമതി എന്നതാണ് ആകർഷണീയത . മത്സര രംഗത്തുള്ള എയർ ബസ് എന്ന യൂറോപ്യൻ വിമാന നിർമാണ കമ്പനിക്ക് തത്തുല്യമായ വിമാനമുണ്ട് . ഇവർ രണ്ടുകൂട്ടരും തമ്മിൽ ഈ വിഷയത്തിൽ മത്സരമാണ് എപ്പോഴും. ഇന്ധന ക്ഷമതയാണ് ഇത്തരം മധ്യദൂര വിമാന സെർവീസുകൾ ആഗ്രഹിക്കുന്നത് . അക്കാര്യത്തിൽ ശ്രദ്ധ വയ്‌ക്കുന്ന ഗവേഷണ വിഭാഗം എൻജിന്റെ പ്രവർത്തന ക്ഷമത കാര്യമായി പരിഗണിക്കുന്നില്ലേ എന്ന സംശയം വിദഗ്ദ്ധന്മാർക്ക് മാത്രമല്ല സാധാരണക്കാർക്കും ഉണ്ടായിട്ടുണ്ട് . പുതിയ വിമാനത്തിന്റെ സാങ്കേതികത മുഴുവൻ പൈലറ്റുമാരിലേക്കു പരിശീലനത്തിൽ പകർന്നു നല്കാൻ കഴിഞ്ഞിട്ടില്ലെന്ന് വരെ ഏവിയേഷൻ വിദഗ്ദ്ധർ സംശയിക്കുന്നു.

എത്യോപ്യൻ വിമാന കമ്പനി 737 മാക്സ് ഉപയോഗിക്കുന്നത് നിർത്തിവച്ചു . അതേസമയം ദുബായിലെ ഫ്ലൈ ദുബായ് വിമാനക്കമ്പനി ഈ വിമാനത്തിന്മേൽ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു . 2017 അവസാനം ദുബായ് എയർ ഷോയിൽ വച്ചാണ് 737 മാക്സ് ഫ്ലൈ ദുബായ് വാങ്ങിയത് . 175 എണ്ണം വാങ്ങാൻ ഓർഡർ നൽകുകയും ചെയ്തു . എന്നാൽ എമിരേറ്റ്സ് , എത്തിഹാദ് , എയർ അറേബ്യ തുടങ്ങിയ യുഎ ഇ കമ്പനികൾ ഈ വിമാനത്തിന് ഇതുവരെ ഓർഡർ കൊടുത്തിട്ടില്ല .