മെയ് 17ന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കാനൊരുങ്ങി സൗദി; സഞ്ചാരികളെ കാത്ത് പ്രതീക്ഷയോടെ ബഹ്‌റൈൻ

മനാമ: സൗദി അറേബ്യയിൽ നിന്നുള്ള സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ബഹ്റൈനിലെ വിനോദസഞ്ചാരമേഖല. കൊവിഡ് മഹാമാരിയെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ട വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്നതാണ് സഞ്ചാരികളുടെ വരവ്.

മെയ് 17 നാണ് സൗദി അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി വിനോദസഞ്ചാരകേന്ദ്രങ്ങൾ തയ്യാറെടുപ്പ് തുടങ്ങിയതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു.

കോവിഡ് മുൻകരുതൽ നിയമങ്ങൾ പാലിച്ചുകൊണ്ട് കുടുംബ വിനോദസഞ്ചാരത്തിന് പ്രാധാന്യം കൊടുത്താണ് ഒരുക്കങ്ങൾ നടത്തുന്നത്.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഈദ് മുതൽ കോവിഡ് മുൻകരുതൽ നടപടികളിൽ മാറ്റം പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുമെത്തുന്ന വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് മുക്തി നേടിയവർക്കും പരിശോധനകളും ക്വാറന്റൈനും ഒഴിവാക്കിയിട്ടുണ്ട്. കിംഗ് ഫഹദ് കോസ്‌വേയിലൂടെ വരുന്ന സൗദി യാത്രക്കാരെയാണ് ബഹ്റൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്. സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി മെയ് 17 മുതൽ 23 വരെ കോസ് വേ യിലെ കൺട്രോൾ ടവറും തെരുവോരങ്ങളിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പും പച്ചയും ഇടകലർത്തി വർണ ശോഭയേകും.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് സഞ്ചാരികളെ സ്വീകരിക്കാൻ ഹോട്ടലുകൾ റസ്റ്റോറന്റ്കൾ, കഫേകൾ വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ഒരുക്കങ്ങളും അതോറിറ്റി വിലയിരുത്തി. ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ നാസർ അലി ഖാദി പറഞ്ഞു.