ബഹ്റൈൻ വിദേശകാര്യമന്ത്രി പാലസ്തീൻ വിദേശകാര്യമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി

മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ന് പാലസ്തീൻ വിദേശകാര്യമന്ത്രിയുമായി ഫോൺ കോളിലൂടെ സംസാരിച്ചു. പാലസ്തീനിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും ജെറുസലേം ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇസ്രായേൽ സേന നടത്തിയ അക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിക്കുന്നുന്നതായും അദ്ദേഹം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

പാലസ്തീൻ പ്രദേശങ്ങളിലെയും ഗാസയിലെയും സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇസ്ലാമിക്ക് സഹകരണ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരാൻ സൗദി അറേബ്യ നൽകിയ ക്ഷണത്തെ ബഹ്റൈൻ  സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള വെടിവെപ്പ് നിർത്താൻ ഈജിപ്ത് നടത്തിയ ശ്രമങ്ങളെ ബഹ്റൈൻ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.