കായംകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. പത്തിയൂർ എരുവ കറുവക്കാരൻ പറമ്പിൽ വീട്ടിൽ അബ്ദുൾ നാസറി (52) നെയാണ് ഇൻസ്പെക്ടർ പി കെ സാബു, എസ് ഐ സിഎസ് ഷാരോൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശികളായ 4 യുവാക്കളായിരുന്നു പരാതിക്കാർ. ഇയാൾ നിരവധി പേരെ ഈ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസും പറയുകയുണ്ടായി.
പുതുപ്പള്ളി സ്വദേശികളായ 4 യുവാക്കളിൽ നിന്നാണ് ഇയാൾ വിദേശത്ത് ജോലി നൽകാം എന്ന് വാഗ്ദാനം നൽകി 5,40,000 രൂപ വാങ്ങിയത്. ശേഷം വിസിറ്റിംങ്ങ് വിസയിൽ ദുബായിലേക്ക് കൊണ്ടു പോയി അവിടെ ഒരു മുറിയിൽ ഒരു മാസത്തോളം താമസിപ്പിച്ചെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. തട്ടിപ്പ് മനസിലാക്കിയ യുവാക്കൾ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. നാട്ടിൽ നിന്നും ബന്ധുക്കൾ വിമാന ടിക്കറ്റിനുള്ള പണം അയച്ചു കൊടുത്തതു വഴിയാണ് യുവാക്കൾക്ക് തിരികെ നാട്ടിലെത്താനായത്.
നാട്ടിലെത്തിയ ശേഷം പല പ്രാവശ്യം അബ്ദുൾ നാസറിനെ ബന്ധപ്പെട്ടെങ്കിലും പണം തിരികെ കൊടുക്കുവാൻ തയ്യാറായില്ല. ഇതോടെ യുവാക്കൾ സി ഐ ക്ക് നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി പേരെ ഈ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയിട്ടുള്ളതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.