മനാമ :പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി ബഹ്റൈൻ. ആഗോള തലത്തിൽ ബഹ്റൈന് 12ാം സ്ഥാനമാണ്. എക്സ്പാറ്റ് ഇൻസൈഡർ 2021 സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 59 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടം പിടിച്ച ഏക ഗൾഫ് രാജ്യവും ബഹ്റൈനാണ്. കഴിഞ്ഞ വർഷം ആറാമതായിരുന്നു ബഹ്റൈൻറെ സ്ഥാനം.
തായ്വാൻ, മെക്സികോ, കോസ്റ്ററീക എന്നിവയാണ് പട്ടകയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 51ാമതാണ് ഇന്ത്യയുടെ സ്ഥാനം. കോവിഡ് മഹാമാരിക്കിടയിലും ബഹ്റൈനിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് സർവേയിൽ പങ്കെടുത്ത 10ൽ മൂന്നുപേരും അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ ആരോഗ്യ സംവിധാനത്തെ അവർ പ്രശംസിക്കുകയും ചെയ്തു.
ഖത്തർ (17), യു.എ.ഇ (18), ഒമാൻ (24), സൗദി അറേബ്യ (42), കുവൈത്ത് (59) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം. 59 രാജ്യങ്ങളിൽ താമസിക്കുന്ന 12,420 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. 174 രാജ്യങ്ങളിൽനിന്നുള്ളവരാണ് സർവേയിൽ പങ്കെടുത്ത പ്രവാസികൾ. ജീവിത നിലവാരം, ലളിതമായ നടപടിക്രമങ്ങൾ, വ്യക്തിഗത സമ്പാദ്യം, ജീവിതച്ചെലവ് തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.