മനാമ: അൽ ജസീറ ചാനൽ ബഹ്റൈനെതിരെ നടത്തുന്ന പ്രസ്താവനകൾക്കെതിരായ ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ശൂറാ കൗൺസിൽ. രാജ്യത്തിനെതിരായ നുണകളും ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് പാനൽ ഖത്തർ ചാനലിനോട് ആവശ്യപ്പെട്ടു. അൽ ജസീറ ചാനലിന്റെ റിപ്പോർട്ടുകളിൽ പ്രൊഫഷണലിസവും വസ്തുനിഷ്ഠതയും ഇല്ലന്ന് ശൂറാ കൗൺസിൽ ചൂണ്ടിക്കാട്ടി.കൃത്യമല്ലാത്തതും അടിസ്ഥാനരഹിതവുമായ വിവരങ്ങൾ ചാനലിൽ പ്രക്ഷേപണം ചെയ്യുന്നതായും കൗൺസിൽ ആരോപിച്ചു. ബഹ്‌റൈനിൽ “രാഷ്ട്രീയ തടവുകാർ” ഉണ്ടെന്ന ആരോപണമാണ് ചാനൽ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു .
പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ സ്ഥിതികൾ പരിശോധിക്കുവാനും അവർക്ക് അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമായി മനുഷ്യാവകാശ സംഘടനകൾ കേന്ദ്രത്തിൽ എത്താറുണ്ടെന്നും പരിശോധന നടത്താറുണ്ടെന്നും പാനൽ പറഞ്ഞു. രാജ്യം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മുൻപിലാണെന്നും പാനൽ പറഞ്ഞു.