മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ബുദയ്യയിലെ അൽ ഘാന ലേബർ ക്യാമ്പിൽ ബോധവത്കരണ പരിപാടി നടത്തി. കഴിഞ്ഞ ആഴ്ചയാണ് തൊഴിലാളികൾക്ക് ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിലെ തൊഴിൽ കാര്യങ്ങളുടെ അസി. അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്കി മുഖ്യാതിഥിയായി.
ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് കമ്പനിയും സർക്കാറും പുറപ്പെടുവിക്കുന്ന നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാൻ ഓൺലൈനിൽ തൊഴിലാളികളെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.മാരകമായ അപകടങ്ങളുടെ എണ്ണം കഴിഞ്ഞ മൂന്നുവർഷമായി ഗണ്യമായി കുറഞ്ഞു. തൊഴിലാളികളുടെ ജീവിതം സന്തുഷ്ടവും സുരക്ഷിതവുമാക്കാൻ തൊഴിൽ മന്ത്രാലയത്തെ സഹായിക്കുന്ന ഐ.സി.ആർ.എഫ് ടീമുമായി സഹകരിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19നെതിരായ പോരാട്ടത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ ഡോ. ബാബു രാമചന്ദ്രൻ വിശദീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 750ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ബോധവത്കരണ ഫ്ലയറുകളും നൽകി.ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഐ.സി.ആർ.എഫ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ഐ.സി.ആർ.എഫ് വളന്‍ റിയർമാരായ ജവാദ് പാഷ, ക്ലിഫോർഡ് കൊറിയ, അൽഘാന കോൺട്രാക്ടിങ് കമ്പനി പ്രതിനിധി ബീബി തോമസ് എന്നിവർ പങ്കെടുത്തു.പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പ്രോഗ്രാം മേയ് 28നു നടക്കും.