മനാമ :കിങ് ഫഹദ് കോസ്വേ വഴിയുള്ള യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരുടെ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുന്നു. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസി, ട്രാവൽ ഏജൻസി പ്രതിനിധികൾ പങ്കെടുത്ത യോഗം തിങ്കളാഴ്ച വൈകിട്ട് ചേർന്നു. എത്രയും വേഗം യാത്രക്കാർക്ക് സൗദിയിലേക്ക് പോകാൻ വഴി തുറക്കുകയാണ് ലക്ഷ്യം.
കിങ് ഫഹദ് കോസ്വേ വഴി യാത്രക്കാരെ കടത്തിവിടുന്നതിന് സൗദി സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉൗർജിത ശ്രമം നടത്തണമെന്ന് ആവശ്യമുയർന്നു. അതല്ലെങ്കിൽ, ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് കുറഞ്ഞ ചെലവിൽ ചാർേട്ടഡ് വിമാന സർവീസ് ആരംഭിക്കാനുള്ള നീക്കം നടത്തണമെന്നാണ് യോഗത്തിൽ ഉയർന്ന മറ്റൊരാവശ്യം.
യാത്രക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല ട്രാവൽ ഏജൻസി പ്രതിനിധികളോട് അഭ്യർഥിച്ചു. തികച്ചും അർഹരായവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ സഹായങ്ങൾ നൽകാമെന്ന് െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് അറിയിച്ചു. അത്തരം ആളുകളുടെ വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും അദ്ദേഹം ട്രാവൽ ഏജൻസി പ്രതിനിധികളോട് നിർദേശിച്ചു.
ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, അമൽദേവ്, ഗഫൂർ കൈപ്പമംഗലം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
മലയാളികൾ ഉൾപ്പെടെ 1000ഓളം ഇന്ത്യക്കാരാണ് ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് -19 വാക്സിൻ സ്വീകരിച്ചവരെ മാത്രമേ കോസ്വേ വഴി കടത്തി വിടൂ എന്ന പുതിയ നിയന്ത്രണമാണ് ഇവർക്ക് തിരിച്ചടിയായത്. സൗദിയിലേക്ക് പോകാൻ ബഹ്റൈനിൽ എത്തിയവരിൽ പലരും വാക്സിൻ സ്വീകരിച്ചവരല്ല. മാത്രമല്ല, സൗദി അംഗീകരിച്ച ആസ്ട്ര സെനേക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻറ് ജോൺസൻ എന്നിവയിൽ ഒരു വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കോസ്വേ വഴി പോകാൻ അനുമതി ലഭിക്കൂ. ഇന്ത്യയിൽ നൽകുന്ന കോവാക്സിൻ സൗദി അംഗീകരിച്ചിട്ടില്ല.
വിമാന മാർഗം സൗദിയിലേക്ക് പോകാൻ കഴിയുമെങ്കിലും ചിലവ് പലർക്കും താങ്ങാൻ കഴിയുന്നതല്ല. അത്യാവശ്യത്തിനുള്ള പണം പോലും കൈയിൽ ഇല്ലാതെയാണ് പലരും ഇവിടെ കഴിയുന്നത്. വാക്സിൻ എടുക്കാത്തവർ സൗദിയിൽ എത്തിയാൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയുകയും വേണം. ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവക്കുള്ള തുക കണ്ടെത്തണം.
വിമാനത്തിൽ സീറ്റ് ലഭിക്കാനുള്ള പ്രയാസവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല വിമാനങ്ങളിലും സീറ്റ് നിറഞ്ഞുകഴിഞ്ഞു. ചില ട്രാവൽ ഏജൻസികൾ ചാർേട്ടഡ് സർവീസുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 450 ദിനാർ മുതലാണ് യാത്രക്കാരിൽനിന്ന് ഇൗടാക്കുന്നത്.14 ദിവസത്തെ വിസയിൽ എത്തിയവർ അതിനുശേഷവും താമസിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിലാണ്.