മനാമ: യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുന്നതിനിടെ ആദ്യ ചാർട്ടേർഡ് വിമാനം 165 യാത്രക്കാരുമായി ബഹ്റൈനിൽ നിന്നും റിയാദിലേക്ക് പറന്നു. മലയാളികൾ ഉൾപ്പെടെ 1000ഓളം ഇന്ത്യക്കാരാണ് ബഹ്റൈനിൽ നിലവിൽ കുടുങ്ങിയത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമെ കോസ്വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണമാണ് ഇവർക്ക് തിരിച്ചടിയായത്.
സൗദിയിലേക്ക് പോകാൻ ബഹ്റൈനിൽ എത്തിയവരിൽ പലരും വാക്സിൻ സ്വീകരിച്ചവരല്ല. മാത്രമല്ല, സൗദി അംഗീകരിച്ച അസ്ട്ര സെനക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഒരു വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെ കോസ്വേ വഴി പോകാൻ അനുമതി ലഭിക്കൂ. ഇന്ത്യയിൽ നൽകുന്ന കോവാക്സിൻ സൗദി അംഗീകരിച്ചിട്ടില്ല.
എയർ മാർഗം യാത്ര സാധ്യമാണെങ്കിലും വിമാനത്തിൽ സീറ്റ് ലഭിക്കാനുള്ള പ്രയാസവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല വിമാനങ്ങളിലും സീറ്റ് നിറഞ്ഞുകഴിഞ്ഞിരുന്നു. 14 ദിവസത്തെ വിസയിൽ എത്തിയവർ അതിനുശേഷവും താമസിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിൽ കഴിയവെയാണ് ചാർട്ടേഡ് വിമാന സർവീസുകൾക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് ആദ്യ വിമാനത്തിന് മുൻകൈയെടുത്ത സ്വകാര്യ ട്രാവൽ ഏജൻസി പ്രതിനിധികളായ ഷമീർ ഹംസ, സനു എന്നിവർ ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസി, ട്രാവൽ ഏജൻസി പ്രതിനിധികളുമായി ചേർന്ന യോഗത്തിലും ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് കുറഞ്ഞ ചെലവിൽ ചാർട്ടേഡ് വിമാന സർവിസ് ആരംഭിക്കാൻ നീക്കം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
വിമാന മാർഗം സൗദിയിലേക്ക് പോകാൻ കഴിയുമെങ്കിലും ചെലവ് പലർക്കും താങ്ങാൻ കഴിയുന്നതല്ലെന്നാണ് വസ്തുത. അത്യാവശ്യത്തിനുള്ള പണം പോലും കൈയിൽ ഇല്ലാതെയാണ് പലരും ഇവിടെ കഴിയുന്നത്. വാക്സിൻ എടുക്കാത്തവർ സൗദിയിൽ എത്തിയാൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയുകയും വേണം. ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവക്കുള്ള തുക കണ്ടെത്തണം. നിലവിൽ 400 ദിനാർ മുതലാണ് ചാർട്ടേഡ് വിമാനങ്ങൾക്കും യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.