മനാമ : പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളെ ഉയർത്തി കാട്ടി ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സാഇദ് അസ്സാലിഹ്. കൊറോണ വൈറസിൽ നിന്നും ലോകത്തിനെ രക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യമന്ത്രി സംസാരിച്ചു. ‘പകർച്ചവ്യാധി അവസാനിപ്പിക്കുക ആരോഗ്യവും സുരക്ഷിതവുമായ ലോകം കെട്ടിപ്പൊക്കുക’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ 74-ാമത് പൊതു സമ്മേളനത്തിന്റെ ഭാഗമായാണ് ചർച്ച നടന്നത്.
വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു ചർച്ച നടത്തിയത്. വൈറസിനെ ചെറുക്കുവാനും പാൻഡെമിക് നിന്നും ലോകത്തിന് കരകയറാൻ സാധിക്കുമെന്നുമുള്ള പ്രത്യാശ മന്ത്രി പ്രകടിപ്പിച്ചു. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ സ്വീകരിച്ചുകൊണ്ട് വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.
വൈറസ് വ്യാപനത്തിന്റെ ആരംഭ കാലഘട്ടം മുതൽ ആരോഗ്യമേഖല നേരിട്ട എല്ലാ പ്രതിസന്ധികൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയ രാജാവിനും പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസംരക്ഷണത്തിനായി ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെയും ചർച്ചയിൽ ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.