മനാമ : കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി രോഗനിർണയം ശക്തിപ്പെടുത്താൻ റാപ്പിഡ് ടെസ്റ്റ് വ്യാപകമാക്കുമെന്ന് നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ സ്വകാര്യ മേഖലക്ക് അനുമതി നൽകിയതായും എൻ.എച്ച്.ആർ.എ അംഗീകാരമുള്ള കമ്പനികളിൽനിന്നാണ് കിറ്റുകൾ വാങ്ങേണ്ടതെന്നും ടാസ്ക് ഫോഴ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒപ്പം തന്നെ ഫാർമസികൾക്ക് സർക്കാർ നൽകുന്ന കിറ്റുകളുടെ വില കുറച്ചിട്ടുണ്ട്. മൂന്നു ദീനാറിന് പകരം രണ്ട് ദീനാറിന് ഫാർമസികൾക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭിക്കും. ഫാർമസികളിൽനിന്ന് 2.5 ദിനാറിന് കിറ്റ് വാങ്ങാം.
ബഹ്റൈനിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൻറെ ഭാഗമായ അടച്ചിടൽ ബാധകമാകാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിർബന്ധിത റാപ്പിഡ് പരിശോധനക്ക് വലിയ കമ്പനികൾക്ക് രണ്ട് ദീനാറിന് സർക്കാറിൽനിന്ന് കിറ്റുകൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.