മനാമ: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ്. വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികളാണ്. അവരെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഐ.എ.എസ്.ബന്ധപ്പെട്ട എമ്പസികളോട് ആവശ്യപ്പെട്ടു.
ബഹ്റൈൻ, സൗദി അറേബ്യ, ഇന്ത്യൻ അമ്പാസിഡർമാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നല്കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
അതേസമയം സൗദിയിൽ പോകുവാനായി ബഹ്റൈനിൽ വഴി വന്നു കുടുങ്ങിപ്പോയ ആളുകൾക്കായി അടിയന്തിര ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്ത് നൽകി. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സഹിതം ഐ വൈ സി സി ബഹ്റൈൻ പ്രസിഡൻ്റ് അനസ് റഹിം, ഐ വൈ സി സി ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ, സാമൂഹിക പ്രവർത്തകൻ അമൽദേവ് എന്നിവർ രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കർ നെ കൂടാതെ ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കും പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധി കത്ത് അയച്ചിട്ടുണ്ട്.