മനാമ: കോവിഡ് വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്റൈനിൽ കൂടുതൽ ശക്തമാക്കിയ നിയന്ത്രണങ്ങൾ ഇന്ന് മെയ് 27 വ്യാഴാഴ്ച രാത്രി 11:59 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഇന്നലെ കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
മാളുകൾ, സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ തുടങ്ങിയവ അടച്ചിടും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവ അടക്കമുള്ള ഭക്ഷണ വിൽപന ശാലകൾക്കും ടേക് എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാവുന്നതാണ്. അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളോട് പൗരന്മാരും പ്രവാസികളും പൂർണമായും സഹകരിക്കണമെന്നും മുൻകരുതലുകൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും നാഷണൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു.
അടച്ചിടുന്നവ:
- മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ
- ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ
- റസ്റ്റോറൻറുകൾ, ഷീഷ കഫേ (ടേക് എവേ, ഡെലിവറി അനുവദിക്കും)
- ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
- സിനിമാ തിയറ്ററുകൾ
- കോൺഫറൻസുകളും മറ്റ് പരിപാടികളും
- കായിക മത്സരങ്ങളിൽ കാണികൾ പാടില്ല
- വീടുകളിl സ്വകാര്യ ചടങ്ങുകൾ നടത്തരുത്
- സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി
- സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, ട്രെയിനിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം മാത്രം.
അന്താരാഷ്ട്ര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഇളവ്.
- ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും
പ്രവർത്തനം അനുവദിച്ചിട്ടുള്ളവ:
- ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ
- ഗ്രോസറി സ്റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ- മാംസ വിൽപന ശാലകൾ
- ബേക്കറികൾ
- പെട്രോൾ പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകൾ
- സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്.ആർ.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)
- ഫാർമസികൾ
- ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ
- ബാങ്ക്, മണി എക്സ്ചേഞ്ച്
- പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
- ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ
- വാഹന റിപ്പയർ വർക്ഷോപ്പുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് കടകൾ
- കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് സ്ഥാപനങ്ങൾ
- ഫാക്ടറികൾ