മനാമ: കോവിഡ് വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്റൈനിൽ മെയ് 27 വ്യാഴാഴ്ച അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വന്ന കർശന നിയന്ത്രണങ്ങളെ തുടർന്ന് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകളും ബന്ധപ്പെട്ട സുരക്ഷ ഡയറക്ടറേറ്റുകളും പരിശോധനകൾ ശക്തമാക്കി. നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനായാണ് വിപണികളിലും വാണിജ്യ സൈറ്റുകളിലും ഫീൽഡ് കാമ്പെയ്‌നുകളും നടപടികളുമായി പോലീസ് രംഗത്തെത്തിയത്.
മെയ് 27 മുതൽ ജൂൺ 10 വരെ പൊതുജനങ്ങൾക്ക് നേരിട്ട് ഉത്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്ന പ്രത്യേകാനുമതി ലഭിക്കാത്ത എല്ലാ വ്യാവസായിക വാണിജ്യ ഔട്ട് ലെറ്റുകളും അടച്ചുപൂട്ടാനുള്ള സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾക്കും, നിയമവും സുരക്ഷയും നടപ്പാക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗവുമാണ് ഈ നീക്കം.
അതേ സമയം പ്രാബല്യത്തിലുള്ള മുൻകരുതൽ നടപടികൾ അനുസരിച്ച് പ്രാർത്ഥനകൾ നടത്തുന്നതിന് പള്ളികളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങൾ പോലീസ് നടത്തിയിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലും ഫെയ്‌സ് മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കാനുള്ള പരിശോധനകളും ശക്തമായി തുടരുന്നുണ്ട്. പൊതു സ്ഥലങ്ങളിലും ബീച്ചുകളിലും നടക്കുന്ന കൂടിച്ചേരലുകൾക്കെതിരെ ബന്ധപ്പെട്ട സുരക്ഷ ഡയറക്ടറേറ്റുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.