യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു; ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും

സൗദിയിൽ നിലവിൽ യാത്രാവിലക്കുള്ള 20 രാജ്യങ്ങളിൽ യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു. നാളെ മെയ് 30 (ഞായർ) പുലർച്ചെ ഒരു മണി മുതൽ പ്രവേശനം അനുവദിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളിൽ നിന്നും സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. യു.എ.ഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് യാത്രാവിലക്ക് നീക്കിയ മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞതാണ് വിലക്ക് നീക്കാൻ കാരണം. നേരത്തെ യാത്രാവിലക്ക് നിലനിൽക്കുന്ന ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും. എന്നാൽ യു.എ.ഇയിൽ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് അനുഗ്രഹമാകും.

നിലവിൽ ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്. അതിനാൽ സൗദി പ്രവാസികൾക്ക് ഉടനെ യു.എ.ഇ വഴിയുള്ള യാത്ര നടക്കില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ജൂൺ 14 മുതൽ ഒഴിവാക്കിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനം വിലയിരുത്തിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും അംബാസഡർ അറിയിച്ചിരുന്നു. യു.എ.ഇ വിലക്ക് നീക്കുന്നതോടെ സൗദി പ്രവാസികൾക്ക് യു.എ.ഇയിലെത്തി 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലെത്താം. കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് സൗദിയിലെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീനും ഒഴിവാകും.