മനാമ: രാജ്യത്തെ ജലാശയങ്ങളിൽനിന്നും ഡോൾഫിനെ പിടികൂടിയ കേസിൽ നാല് പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കിയതായി ചീഫ് ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് പ്രോസിക്യൂഷൻ പറഞ്ഞു.ഡോൾഫിൻ ഷോകൾക്കായി അനധികൃതമായി രാജ്യത്തെ ജലാശയങ്ങളിൽ നിന്നും ഡോൾഫിനുകളെ കടത്തുന്നുണ്ടെന്ന് കോസ്റ്റ്ഗാർഡ് കമാൻഡിൽ നിന്നും വിവരങ്ങൾ ലഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഒരു ഡോൾഫിനെ ഫെസ്റ്റിവൽ സ്റ്റാഫിന് കൈമാറുന്നത് കണ്ടതായി കോസ്റ്റ്ഗാർഡ് കമാൻഡ് മൊഴിനൽകി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ അനധികൃതമായി കടത്തിയ മൂന്ന് ഡോൾഫിനുകളെ കണ്ടെത്തി.പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ചോദ്യംചെയ്യുകയും സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെന്റിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. കഴിഞ്ഞ ആറ് മാസമായി ഡോൾഫിനുകളെ ഇറക്കുമതിചെയ്യാൻ പെർമിറ്റ് നൽകിയില്ലെന്നും ആറുമാസം മുമ്പ് കേന്ദ്രം സന്ദർശിച്ചപ്പോൾ അവിടെ ഡോൾഫിനുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഡോൾഫിനുകളെ പിടിക്കാൻ ഉപയോഗിച്ച ബോട്ടും വാഹനങ്ങളും പിടിച്ചെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു . നാലുപ്രതികൾക്കും ജൂൺ രണ്ടിന് വിചാരണ നടത്തുമെന്ന് കോടതി അറിയിച്ചു .പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ജലാശയങ്ങളിൽ നിന്ന് ഡോൾഫിനുകളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടന്ന് ചീഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.