മനാമ : ഉയർന്ന കോവിഡ് കേസുകളും പുതിയ വേരിയന്റും വിയറ്റ്നാമിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബഹ്‌റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വിയറ്റ്നാമിനെയും ഉൾപെടുത്തിയതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു . ജൂൺ 1 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസ ഉള്ളവർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം. ഇവർ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണ്.
രാജ്യത്ത് എത്തിയതിനു ശേഷവും പത്താം ദിവസവും പരിശോധന നടത്തണം. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ സ്വന്തം താമസസ്ഥലത്ത് അല്ലെങ്കിൽ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെയോ താമസസ്ഥലത്ത് ക്വാറന്റൈനിൽ കഴിയണം. അല്ലെങ്കിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം,എന്നിവയാണ് നിലവിൽ ബഹ്റൈൻ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ. മറ്റ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ബി അവെയർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കുകയും സെൽഫ് ഐസൊലേഷൻ എഗ്രിമെന്റ് ഒപ്പിടുകയും ചെയ്യണം.