മനാമ: സോഷ്യൽ മീഡിയകളിലൂടെ വ്യാജ പരസ്യങ്ങൾ പ്രദർശിപ്പിച്ചു വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് എക്കണോമിക്സ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ആഹ്വനം ചെയ്‌തു. സമീപകാലത്ത് കണ്ടെത്തിയ പരസ്യങ്ങളിൽ ഇലക്ട്രോണിക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങൾ ഫോമിൽ പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നത് കണ്ടെത്തിയതായി ഡയറക്ടറേറ്റ് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെയും വെബ്സൈറ്റ് വഴിയും പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത അനിവാര്യമാണെന്നും വ്യാജ ബിസിനസുകളിൽ വീണു പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബാങ്ക് അക്കൗണ്ടുകൾ , ബെനിഫിറ്റ് പേ മുതലായവ സംബന്ധമായ വ്യക്തി വിവരങ്ങളോ ഓ ടി പി പിൻ നമ്പറുകളോ മറ്റൊരാളുമായി യാതൊരു കാരണവശാലും പങ്കുവെക്കരുത്. സാമ്പത്തികമായ ബിസിനസുകളിൽ ഏർപ്പെടുന്നതിനു മുമ്പ് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിൽ നിന്നും ആവശ്യമായ ലൈസൻസുകൾ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.