വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ശ്രീശാന്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്.