മനാമ: കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികളെ അറിയിച്ചു . യാത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതികൾക്ക് ഒടുവിലാണ് എയർ ഇന്ത്യ നടപടി സ്വീകരിക്കുന്നത്.
കോവിഡ് കാലത്ത് റദ്ദ് ആക്കിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു ഉത്തരവ്. എന്നാൽ ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് ലഭിച്ചില്ല. റീഫണ്ടിനു പകരം മറ്റൊരു യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള വൗച്ചറുകളാക്കി മാറ്റുകയാണ് എയർലൈൻസ് ചെയ്തത്.
2021 ഡിസംബർ 31 നുള്ളിൽ ഉപയോഗിക്കണം എന്ന വ്യവസ്ഥയോടെയാണ് വൗച്ചറുകൾ നൽകിയത്. എന്നാൽ യാത്രക്കാരിൽ പലരും പ്രവാസജീവിതം അവസാനിപ്പിച്ചവരും, സന്ദർശന വിസയിൽ വന്നു മടങ്ങിയവരുമാണ്. ഇവർക്ക് ഉടൻ മറ്റൊരു വിമാനയാത്ര നടത്താൻ സാധ്യമല്ലാത്തതിനാൽ വൗച്ചർ പ്രയോജനപ്പെടാത്ത സ്ഥിതി ഉണ്ടായി.ഈ സാഹചര്യത്തിലാണ് വൗച്ചറിനു പകരം റീഫണ്ട് വേണമെന്ന ആവശ്യം ശക്തമായത്. ഇതേ തുടർന്ന് ബഹറൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇന്ത്യയിലെ ആസ്ഥാനത്ത് വിവരമറിയിച്ചു റീഫണ്ടിനുള്ള നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ വൗച്ചറുകൾ പി എൻ ആർ ആയി മാറ്റി കൊണ്ടിരിക്കുകയാണെന്നും തുടർന്ന് റീഫണ്ട് ലഭ്യമാകുമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ട്രാവൽ ഏജൻസികളെ അറിയിച്ചിരിക്കുന്നത്. ഓരോ ട്രാവൽ ഏജൻസികൾക്കും ആയിരക്കണക്കിന് ദിനാരാണ് റീഫണ്ട് ലഭിക്കാനുള്ളത്.