മനാമ: റഷ്യയുടെ സ്പുട്നിക് വാക്‌സിൻ ബഹ്റൈനിൽ ഉൽപ്പാദിപ്പിക്കാനുള്ള ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഗൾഫ്, മെന മേഖലകളിലൂടനീളം വാക്സിൻ വിതരണം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. സെൻറ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനിടെ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് റഷ്യൻ നിക്ഷേപ കമ്പനിയായ സിസ്റ്റേമ പിജെഎസ്‌എഫ്‌സി യുടെ അനുബന്ധ സ്ഥാപനമായ ബിന്നോഫാം ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചത്. മേഖലയിലെ വിവിധ രാജ്യങ്ങൾക്കും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്ഫുട്നിക് വാക്സിൻ വിതരണം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഇത്തരം ഒരു ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ സാധിച്ചത് നേട്ടമായി വിലയിരുത്തുന്നുവെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ട് വക്താക്കൾ പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനിൽ ഒന്നാം സ്ഥാനത്താണ് സ്പുട്നിക്കിന്. 2021 ഫെബ്രുവരിയിലാണ് ബഹ്റൈനിൽ ഇതിൻറെ ഉപയോഗത്തിന് അനുമതി നൽകിയത്.