മനാമ :രാജ്യത്തെ കോവിഡ് മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കാത്തതിനെ തുടർന്ന് മുഹറഖിലെയും സതേൺ ഗവർണറെറ്റിലെയും നാല് പള്ളികൾ കൂടി അടച്ചു. ഇസ്ലാമിക നീതിന്യായകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി. പ്രാർത്ഥനയ്ക്കായി എത്തിയ ആരാധകരിൽ രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ദേശിയ ടാസ്ക് ഫോഴ്സുമായി ഏകോപിപ്പിച്ചാണ് തീരുമാനം. പള്ളികളും പരിസരവും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബഹ്‌റൈനിൽ അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തരായവർക്കും മാത്രമാണ് പ്രവേശനം.
പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധിത നടപടികൾ നടപ്പാക്കുന്നതും തുടരുമെന്നും ആരാധകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.