മനാമ: രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ചിട്ടുള്ള നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സുരക്ഷിതമായി വീട്ടിൽ തന്നെ കഴിയുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വിവിധ ഗവർണറേറ്റുകളിലും വകുപ്പുകളിലും ആവശ്യമായ നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. മാസ്ക് ധരിക്കാത്ത 82,994 പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സർക്കാർ കെട്ടിടങ്ങളിലും റോഡുകളിലും 3,14,533 അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 10 വരെ തുടരും.