മനാമ: ഭൂമിക ബഹ്‌റൈൻ പത്താമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രഭാഷണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ”ജനാധിപത്യം ഭരണഘടന തിരഞ്ഞെടുപ്പ് 2019″ എന്ന വിഷയം പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് രണ്ട് മണിക്കൂറോളം നീണ്ടു നിന്ന തന്റെ പ്രഭാഷണത്തിൽ ജനാധിപത്യം എന്ന സങ്കല്പം ഒട്ടും ഭാരതീയമല്ലെന്നും, കൊളോണിയൽ ഭരണത്തിന്റെ തണലിൽ നമുക്ക് കിട്ടിയ ആധുനിക വിദ്യാഭ്യാസത്തിന്റെ ഉത്പ്പന്നമാണെന്നും സമർത്ഥിക്കുകയുണ്ടായി.
“വൈദിക പാരമ്പര്യം പേറുന്ന ഗുരുകുല വിദ്യാഭ്യാസം കേവലം വേദങ്ങളും സ്‌മൃതികളും ഇതിഹാസങ്ങളും മാത്രം പഠിപ്പിച്ചപ്പോൾ മിഷണറിമാർ തുടങ്ങിയ സ്കൂളുകൾ ശാസ്ത്രവും, കണക്കും, ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചു. അങ്ങനെ തലയിൽ വെളിച്ചം കേറിയ ഒരു വിഭാഗം മനുഷ്യരും ജനപഥങ്ങളുമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സഹോദര്യം തുടങ്ങിയ അതുവരെ ഇന്ത്യക്ക് അന്യമായ സങ്കല്പനങ്ങൾ മുന്നോട്ട് വെക്കുന്നത്. സ്വാതന്ത്ര്യ സമരം, തൊട്ടുകൂടായ്മക്കും, തീണ്ടിക്കൂടായ്മക്കും മറ്റനേകം സാമൂഹിക ദുരാചാരങ്ങൾക്കും എതിരെ സമരങ്ങൾ എല്ലാം ഒരു പുതിയ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് നല്കിയതാകട്ടെ ആധുനിക വിദ്യാഭ്യാസവും.സ്വാതന്ത്ര്യത്തിന് ശേഷം രൂപം കൊണ്ട ഭരണഘടന നിർമ്മാണ സഭയിൽ പാരമ്പര്യ ജാതിവാദികൾക്ക് മേൽക്കൈ കിട്ടാതെ വന്നത് അംബേദ്ക്കറിനെപ്പോലെയുള്ള വിദേശ സർവ്വകലാശാലകളിൽ ആധുനിക വിദ്യാഭ്യാസം ലഭിച്ച മനുഷ്യർ ഉള്ളത് കൊണ്ടു കൂടിയായിരുന്നു.” കപിക്കാട് പറഞ്ഞു.
ഇന്ത്യക്ക് ഒരു ദേശരാഷ്ട്രം എന്ന നിലയിൽ നാലായിരം അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്ന മിത്തുകൾ ബോധപൂർവ്വം മെനഞ്ഞെടുക്കുന്നതിലെ ഹിന്ദുത്വ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും തുല്യനീതി എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ നമ്മുടെ ഭരണഘടനയെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. മയിലിന്റെ പ്രജനനം നടക്കുന്നത് ആൺ മയിലിന്റെ കണ്ണീർ കുടിച്ചിട്ടാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പാഠപുസ്തകങ്ങളിൽ പോലും ഇത്തരം അസംബന്ധങ്ങളെ തിരുകിക്കയറ്റുകയും ചെയ്യുന്ന ശക്തികളെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഭരണഘടനാ ബാദ്ധ്യതയാണ്. ഭരണഘടനയെ ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾ വായിച്ചിട്ടില്ല. കേരള സർക്കാർ ഒരു ഭരണഘടന സാക്ഷരതായജ്ഞം തുടങ്ങാൻ പ്ലാനിട്ടിരുന്നു. അത്തരം നീക്കങ്ങൾ അത്യാവശ്യമാണെന്നാണ് സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കണമെന്നും നിലവിലെ ഫാഷിസ്റ്റ് ശക്തികളെ താഴെ ഇറക്കാനുള്ള സുവർണ്ണാവസരമായി അതിനെ കാണമെന്നും സണ്ണി കപിക്കാട് കൂട്ടിച്ചേർത്തു.
പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യേത്തര സെഷനിലും നല്ല ജനപങ്കാളിത്തം ഉണ്ടായി.
ഭൂമികയുടെ പ്രസിഡണ്ട് ഇ എ സലീം അധ്യക്ഷം വഹിച്ച പരിപാടിയിൽ സെക്രട്ടറി എൻ പി ബഷീർ സ്വാഗതവും പങ്കജ് നഭൻ നന്ദിയും പറഞ്ഞു.