മനാമ:സൗദിയിൽ ജോലി ചെയ്യുന്ന ബഹ്റൈനികൾക്ക് രാജ്യത്ത് പ്രവേശിക്കാനും തിരികെ പോകാനുമുള്ള അനുമതി നൽകണമെന്ന് ബഹ്റൈൻ എംപിമാർ സൗദി സർക്കാറിനോട് ആവശ്യപ്പെട്ടു. സൗദി അംഗീകരിച്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ മാത്രമെ കോസ്‌വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായവരുടെ ദുരവസ്ഥ മുന്നിൽ കണ്ടാണ് എം പി മാർ ഇത്തരമൊരു ആവിശ്യം ഉന്നയിച്ചത്. സൗദി അംഗീകരിച്ച അസ്ട്ര സെനക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഒരു വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമെ നിലവിൽ കോസ്‌വേ വഴി പോകാൻ അനുമതി ലഭിക്കൂ.
ബഹ്‌റൈനിൽ റഷ്യയുടെ സ്പുട്നിക്, ചൈനയുടെ സിനോഫാം വാക്‌സിനുകൾ സ്വീകരിച്ച നിരവധി പേർക്ക് നിലവിൽ കോസ്‌വേ വഴി സൗദിയിൽ പ്രവേശിക്കാൻ സാധിക്കില്ല. തൊഴിലാളികളുടെ ഉപജീവനത്തെയും കുടുംബങ്ങളെയും ഈ നിയമം ബാധിക്കുന്നുണ്ടെന്നും എംപിമാർ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി സംയുക്ത സഹകരണ സംവിധാനം ആവശ്യമാണെന്നും തൊഴിലാളികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംപിയായ ഖാലിദ് ബു ഓങ്ക് പറഞ്ഞു.