മനാമ: ജനിതക രോഗങ്ങൾക്കെതിരെ പോരാടുന്ന നാഷണൽ ജീനോം സെന്റർ കോവിഡ് പ്രതിരോധ ഗവേഷണത്തിന് നേതൃത്വം നൽകുന്നു. കൊറോണ വൈറസിന്റെ ജനിതക ഘടനയും രോഗബാധിതരായ ആളുകളുടെ ജനിതക ഘടനയും മനസ്സിലാക്കുന്നതിനുള്ള നിരവധി പഠനങ്ങൾക്കാണ് സെന്റർ മേൽനോട്ടം വഹിക്കുന്നത്. രോഗം ഗുരുതരമാക്കുന്ന ജീനുകളെ കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. ജനിതക രോഗങ്ങൾ തടയുക, ജനിതക രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശാനുസരണമാണ് സെന്റർ ആരംഭിച്ചത്.
ബയോളജിക്കൽ സാമ്പിളുകൾ ശേഖരിച്ച് ആദ്യഘട്ട പഠനം സെന്റർ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. 6000 സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ സെന്റർ ശേഖരിച്ചത്. ഇതിൽ 2000 സാമ്പിളുകൾ അപൂർവ്വരോഗം ബാധിച്ച ആളുകളുടെയും കുടുംബങ്ങളുടെയുമാണ്. മറ്റുള്ളവരിൽ നിന്ന് 4000 സാമ്പിളുകൾ ശേഖരിച്ചു. രണ്ടാംഘട്ട പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജനിതക രോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യപരമായ ജീവിതം പ്രദാനം ചെയ്യുന്നതിന് നാഷണൽ ജീനോം സെന്റർ നിർണായക സംഭാവനകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അമ്പതിനായിരം സാംപിളുകൾ ശേഖരിക്കാനാണ് സെന്റർ ലക്ഷ്യമിടുന്നത്. ജനിതക പഠനങ്ങൾക്കായി ഹെൽത്ത് സെന്ററുകളിൽ രക്തദാനം നൽകാൻ സെന്റർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംശയനിവാരണത്തിന് genome@health.gov. bh എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ സാധിക്കും.