കൊടുങ്ങല്ലൂർ: ന്യൂസിലന്‍ഡില്‍ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ മലയാളിയുമെന്ന് സ്ഥിരീകരണം. കൊടുങ്ങല്ലൂർ തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യ അന്‍സി (27)യാണ് മരിച്ചത്. വെടിവെയ്പ്പിനെ തുടര്‍ന്ന് അന്‍സിയെ കാണാതായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ന്യൂസിലന്‍ഡില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്നു അന്‍സി. കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.
ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലാണ് അന്‍സി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം ആറ് മണിയോടെ നാസര്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഭീകരാക്രമണ സമയത്ത് പള്ളിയില്‍ അന്‍സി ഉണ്ടായിരുന്നതായും കാലിന് പരുക്കേറ്റ അന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമടക്കം 9 പേരെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാൽ ജഹാംഗീർ ഇപ്പോൾ വെന്‍റിലേറ്ററിലാണ്. ജഹാംഗീറിന്‍റെ രണ്ട് സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.