മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി രൂപം കൊണ്ട്, ഇപ്പോള്‍ ഫേസ്ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പതിനൊന്ന് ചാപ്റ്ററുകളോടെ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം പത്താം വാര്‍ഷികാഘോഷത്തിന് തുടക്കമായി. മുന്‍ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടയച്ച ശബ്ദസന്ദേശം കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തുടക്കമിട്ടത്. കൊയിലാണ്ടിക്കൂട്ടം പത്താം വാര്‍ഷികത്തിന്റെ ലോഗോപ്രകാശനം പ്രശസ്ത സിനിമാ താരങ്ങളായ ലെന, സോണിയ മല്‍ഹാര്‍, ജയരാജ് വാര്യര്‍, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, ഗായകന്‍ ജാസി ഗിഫ്റ്റ്, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ചാപ്റ്ററുകള്‍ ചേര്‍ന്ന് പത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കൊയിലാണ്ടിയുടെ ചരിത്രവും, പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകള്‍, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് സുവനീര്‍, കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം, ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഒരുവര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കുമെന്നും കൊയിലാണ്ടിക്കൂട്ടം സ്ഥാപകനേതാവും ഗ്ലോബല്‍ ചെയര്‍മാനുമായ ശിഹാബുദ്ധീന്‍ എസ്. പി.എച്ച്, വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊയിലാണ്ടി, വിവിധ ചാപ്റ്റര്‍ ചെയര്‍മാന്മാരായ കെ.ടി.സലിം (ബഹ്റൈന്‍ ചാപ്റ്റര്‍) എ.അസീസ് മാസ്റ്റര്‍ (കൊയിലാണ്ടി ചാപ്റ്റര്‍) ജലീല്‍ മഷ്ഹൂര്‍ (യു.എ.ഇ ചാപ്റ്റര്‍) ഫൈസല്‍ മൂസ (ഖത്തര്‍ ചാപ്റ്റര്‍) റാഫി കൊയിലാണ്ടി (റിയാദ് ചാപ്റ്റര്‍) ശിഹാബ് കൊയിലാണ്ടി (ദമാം ചാപ്റ്റര്‍) നിയാസ് അഹ്മദ് (ഒമാന്‍ ചാപ്റ്റര്‍) ചന്ദ്രു പൊയില്‍ക്കാവ് (ബാംഗ്ലൂര്‍ ചാപ്റ്റര്‍) സൈന്‍ കൊയിലാണ്ടി എന്നിവര്‍ അറിയിച്ചു.
ജനപ്രതിനിധികളും, അഭ്യുദയകാംക്ഷികളും ഗ്ലോബല്‍ കൗണ്‍സില്‍ നേതാക്കളും വിവിധ ചാപ്റ്റര്‍ പ്രതിനിധികളും അടങ്ങുന്ന നൂറ്റൊന്ന് അംഗ സ്വാഗത സംഘത്തിന്റെ വിവരങ്ങളും, ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരണങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.