മനാമ: എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ഇതിന് അന്താരാഷ്ട്ര പിന്തുണ വേണമെന്നും ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. ന്യൂയോർക്കിലെ യു.എന്നിന് കീഴിൽ ഓൺലൈനായി സംഘടിപ്പിച്ച എയ്ഡ്സ് ഉന്നതാധികാര സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കളും മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ എയ്ഡ്സ് നിയന്ത്രണ പ്രായോഗിക മാർഗങ്ങൾ ചർച്ചചെയ്തു.
എയ്ഡ്സ് തടയാൻ യു.എൻ ആവിഷ്കരിച്ച പദ്ധതികളും രീതികളും പ്രതീക്ഷിച്ചത്ര വിജയിച്ചോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 വർഷത്തിന് മുമ്പ് ആദ്യ എയ്ഡ്സ് രോഗി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഇതിനെതിരെ പ്രവർത്തനം ആരംഭിച്ചതാണ്.
പിന്നീട് യു.എന്നിന് കീഴിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ സാധിച്ചത് നേട്ടമാണെന്നും അവർ പറഞ്ഞു. 2030 ഓടെ എയ്ഡ്സ് ബാധ ഗണ്യമായി കുറക്കാനുള്ള പ്രവർത്തനങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. ഇത്തരമൊരു സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന് അവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.