മനാമ: രാജ്യത്തെ റോഡുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും പൊടിക്കാറ്റിലുണ്ടായ പൊടിയും മണ്ണും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചതായി പൊതുമരാമത്ത്,മുൻസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുൻസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ക്ക് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊടി കാറ്റ് വീശി റോഡുകളിലും തുറസായ സ്ഥലങ്ങളിലും അടിഞ്ഞ പൊടി മണൽ നീക്കം ചെയ്തിട്ടുണ്ട്. ക്യാപിറ്റൽ മുൻസിപ്പാലിറ്റി, ദക്ഷിണമേഖല മുൻസിപ്പാലിറ്റി, ഉത്തരമേഖല മുൻസിപ്പാലിറ്റി, മുഹറഖ് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നായി 60 ട്രെയിലർ മണ്ണ് നീക്കം ചെയ്തു.
മുഹറഖ് മുനിസിപ്പാലിറ്റിയിൽ നിന്നും 14 ട്രെയിലറും ദക്ഷിണമേഖല മുൻസിപ്പൽ പരിധിയിൽ നിന്ന് 15 ട്രെയിലറും ക്യാപിറ്റൽ മുൻസിപ്പൽ പരിധിയിൽനിന്ന് 16 ട്രെയിലറും ഉത്തരമേഖല മുൻസിപ്പൽ പരിധിയിൽനിന്ന് 15 ട്രെയിലർ മണ്ണും നീക്കം ചെയ്തു. കാറ്റിൽ ഒടിഞ്ഞുവീണ മരച്ചില്ലകളും പരസ്യബോർഡുകളും മാറ്റിയിട്ടുണ്ട്. റോഡുകൾ വൃത്തിയാക്കാനുമുള്ള നടപടിയും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.