കോവിഡ് നിയമലംഘനം നടത്തിയ 39 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 39 സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു . ഇവർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. 165 ഭക്ഷ്യ , പാനീയ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക്​ ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.