മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 88 ഭക്ഷ്യ പാനീയ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.