മനാമ: പുതിയതായി ബഹ്റൈൻ ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്ററിൽ പ്രവർത്തനമാരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ ആയിരത്തിലധികം കോവിഡ് രോഗികൾ ആശുപത്രി സന്ദർശിച്ചതായി റിപ്പോർട്ട്. പൊതുജനങ്ങൾക്കായി കഴിഞ്ഞ ബുധനാഴ്ചയാണ് കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
പ്രൈമറി യൂണിറ്റുകളും, സെക്കൻഡറി ഹെൽത്ത് കെയർ യൂണിറ്റുകളും പുതിയ ചികിത്സാകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് പുതിയ ചികിത്സാകേന്ദ്രത്തിൽ ചികിത്സ നൽകുന്നത്.
ഉദ്ഘാടനം കഴിഞ്ഞ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ 1,134 കോവിഡ് രോഗികൾ ആശുപത്രി സന്ദർശിച്ചതായി ആരോഗ്യമന്ത്രാലയം ഫാമിലി മെഡിസിൻ കൺസൾട്ടന്റും സെന്ററിലെ പ്രൈമറി ഹെൽത്ത് യൂണിറ്റ് ചുമതലയുമുള്ള ഡോക്ടർ സഫിയ നിയാമ പറഞ്ഞു.