മനാമ: പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ബിരുദ പഠനത്തിനുള്ള സ്കോളർഷിപ് പ്രോഗ്രാമിന് (എസ്.ഡി.പി.സി) അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവിഷ്കരിച്ച സ്കോളർഷിപ് പദ്ധതിയിൽ ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മൊത്തം 69 രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ യോഗ്യത.
മെഡിക്കൽ, അനുബന്ധ കോഴ്സുകൾ ഒഴികെ മറ്റ് കോഴ്സുകൾക്കാണ് പഠന സഹായം ലഭിക്കുക. ട്യൂഷൻ ഫീസ്, അഡ്മിഷൻ ഫീസ്, മറ്റു ചെലവുകൾ എന്നിവ സ്കോളർഷിപ് പരിധിയിൽ വരും.
ഓരോ വർഷവും 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. ഇതിൽ 50 എണ്ണം പി.ഐ.ഒ അല്ലെങ്കിൽ ഒ.സി.ഐ വിഭാഗത്തിലും 50 എണ്ണം എൻ.ആർ.ഐ വിഭാഗത്തിലും 50 എണ്ണം ഇ.സി.ആർ (എമിഗ്രേഷൻ ചെക്ക് റിക്വയേർഡ്) രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ മക്കൾക്കുമാണ് നൽകി വരുന്നത്. ഇ.സി.ആർ വിഭാഗത്തിലെ 17 സ്കോളർഷിപ്പുകൾ ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നീക്കിവെച്ചതാണ്.
എല്ലാ വിഭാഗങ്ങളിലും അപേക്ഷിക്കുന്ന വിദ്യാർഥികൾ 11,12 ക്ലാസുകൾ വിദേശത്തുനിന്ന് പാസായവരായിരിക്കണം. എന്നാൽ, ഇ.സി.ആർ രാജ്യങ്ങളിൽ കഴിയുന്ന രക്ഷിതാക്കളുടെ ഇന്ത്യയിൽ പഠിക്കുന്ന മക്കൾ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) അംഗീകരിച്ച സീനിയർ സെക്കൻഡറി (10+2) അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.
2021 ജൂലൈ 31ന് 17-21 പ്രായ പരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ പ്രേവശനം നേടിയവർ www.spdcindia.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം മൊത്തം ഫീസിെൻറ 75 ശതമാനം അല്ലെങ്കിൽ 4000 ഡോളർ (ഏതാണോ കുറവ് അതു ലഭിക്കും) ആണ് സ്കോളർഷിപ് തുക. തുടർന്നുള്ള വർഷങ്ങളിലും നിശ്ചിത മാനദണ്ഡം അനുസരിച്ച് സ്കോളർഷിപ് ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 നവംബർ 30 ആണ്. സ്കോളർഷിപ് സംബന്ധിച്ച വിശദ വിവരങ്ങൾ eoi.gov.in/bahrain/?pdf12961?000 എന്ന ലിങ്കിൽ ലഭ്യമാണ്.