മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച ഒരു സ്ഥാപനത്തിനെതിരെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു. നിയമ ലംഘനം നടത്തിയ 64 റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമെതിരെ ഫുഡ് കൺട്രോൾ ഇൻസ്പെക്ടർമാർ കഴിഞ്ഞ ദിവസം നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രൊട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇൻസ്പെക്ടർമാർ മൊത്തം 202 റെസ്റ്റോറന്റുകളും കഫേകളും സന്ദർശിച്ചു. ജുഡീഷ്യൽ ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടെത്തുകയും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്ലെറ്റുകളുടെ ഉടമകൾ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.