മനാമ: ചൂട് കനത്തതോടെ ബഹ്റൈനിൽ രണ്ടുമാസത്തേക്ക് ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചു. നിയമം ജൂലൈ ഒന്നുമുതൽ നിലവിൽ വരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 വരെ പുറം ജോലികൾ ചെയ്യാൻ പാടില്ലെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് എല്ലാവർഷവും ഉച്ച വിശ്രമ നിയമം നടപ്പാക്കാറുണ്ട്. സൂര്യതാപത്തിൽ നിന്നും വേനൽക്കാല രോഗങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽമന്ത്രാലയം ഉച്ച വിശ്രമ നിയമം ഏർപ്പെടുത്തിയത്.
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിൽ ബഹ്റൈൻ എന്നും മുൻനിരയിലാണെന്ന് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ഈ ലക്ഷ്യം നേടാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ഉച്ച വിശ്രമ നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വേനൽക്കാല രോഗങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാൻ അദ്ദേഹം സ്വകാര്യമേഖല സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ നിയമം നടപ്പാക്കുന്നതിൽ സഹകരിച്ച സ്വകാര്യമേഖലയെ അദ്ദേഹം അഭിനന്ദിച്ചു. ഉച്ച വിശ്രമ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മൂന്ന് മാസത്തിൽ കൂടാത്ത ജയിൽശിക്ഷയോ 500 മുതൽ ആയിരം ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക.