മനാമ: ചെറിയ റോഡപകട കേസുകൾ ഇൻഷുറൻസ് കമ്പനിയുമായി ധാരണയിലെത്തി പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് ജൂലൈ 21ന് തുടക്കമാവുമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇത് നിലവിൽവരുന്നതോടെ ചെറിയ അപകടങ്ങൾക്ക് ട്രാഫിക് വിഭാഗത്തിൽ പോകേണ്ട ആവശ്യമുണ്ടാവുകയില്ല. ഇരുകക്ഷികളും വാഹന ഇൻഷുറൻസ് കമ്പനിയുമായി ധാരണയിലെത്തുന്ന കേസുകളിലാണ് ഇത് സാധ്യമാവുക.
ഇൻഷുറൻസ് കമ്പനിയുമായി ധാരണയിലെത്തിയിട്ടില്ലെങ്കിൽ ട്രാഫിക് വിഭാഗത്തെ സമീപിക്കേണ്ടിവരും. സ്വകാര്യമേഖലയുമായി സഹകരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൻറെ ഭാഗമാണിത്. ചെറിയ അപകടമുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുമായി ഓൺലൈനിൽ ബന്ധപ്പെട്ട് ധാരണയിലെത്താനും വാഹനം നന്നാക്കാനും സാധിക്കും.