മനാമയെ ആരോഗ്യ നഗരമായി പ്രഖ്യാപിച്ചത് രാജ്യത്തിൻ്റെ അന്താരാഷ്ട്ര നിലവാരത്തിൻ്റെ പ്രതിഫലനമെന്ന് ആഭ്യന്തരമന്ത്രി

മനാമ: ലോകാരോഗ്യസംഘടനയുടെ റീജണൽ ഓഫീസ് മനാമയെ ആരോഗ്യ നഗരമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര നേട്ടത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയുമായി പങ്കുവെച്ചു. മിഡിൽ ഈസ്റ്റിൽ ഇത്തരമൊരു ബഹുമതി ലഭിച്ച ആദ്യത്തെ തലസ്ഥാന നഗരമാണ് മനാമ. രാജ്യത്തെ ആരോഗ്യ സാമൂഹിക സാമ്പത്തിക മേഖലകളിലെ സുസ്ഥിരതയും വികസന പ്രവർത്തനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകുന്ന രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പ്രവർത്തനത്തെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു

രാജ്യത്തെ സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ആരംഭിക്കാൻ പോകുന്ന പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ആരോഗ്യ നിലവാരം ഉയർത്തുന്നതിനൊപ്പം ആരോഗ്യകരമായ അന്തരീക്ഷം ജനങ്ങൾക്ക് നൽകുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.