മനാമ: ഗൾഫ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിവിധ അന്താരാഷ്ട്ര കാർ നിർമ്മാതാക്കൾ ഇലക്ട്രിക് കാർ നിർമ്മാണം ആരംഭിച്ചു. എന്നാൽ രാജ്യത്തേക്ക് ഇലക്ട്രിക് കാർ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ ആകാത്തതാണ് കാരണം. ഈ വർഷം ജനുവരി 28നാണ് ഇലക്ട്രിക് കാറുകൾ സംബന്ധിച്ച നിയമം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തത്.
വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിനുശേഷം നിയമം നടപ്പാക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഇതനുസരിച്ച് ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാം.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ കഴിഞ്ഞ ഏപ്രിൽ 26 ന് സാറിലെ ആട്രിയം മാളിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഒട്ടുമിക്ക ഇലക്ട്രിക് കാറുകളും ഇവിടെ ചാർജ് ചെയ്യാൻ സാധിക്കും. ഭാവിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഗതാഗത മേഖലയിൽ കാർബൺ പുറം തള്ളുന്നത് കുറച്ച് രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് കാറുകളിലേക്ക് രാജ്യം ചുവട് മാറുന്നത്.