പുതിയ വിപുലീകരണവുമായി ഗൾഫ് എയർ

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള കേന്ദ്രത്തിനപ്പുറം പോയിന്റ് ടു പോയിന്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഏഥൻസിനും ലാർനാക്കയ്ക്കും ഇടയിലാണ് ഗൾഫ് എയർ പുതിയ വിമാന സർവീസുകൾ ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗൾഫ് എയറിന്റെ പുതിയ തീരുമാനം. മെഡിറ്റേറിയൻ സിറ്റികളായ ഏഥൻസിനും, ലാർനാക്കയിലും യാത്രക്കാർക്ക് ടിക്കറ്റുകൾ വാങ്ങുവാനും ഈ രണ്ടു സ്ഥലങ്ങൾക്കിടയിൽ യാത്രകൾ ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഗൾഫ് എയർ ഒരുക്കിയിട്ടുണ്ട്.

ബഹ്റൈനിൽ നിന്നുള്ള യാത്രക്കാർക്കു പുറമേ വിദേശത്തുനിന്നും വരുന്നവർക്കും അറേബ്യൻ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ഒരുക്കാനും ഗൾഫ് എയറിനു സാധിച്ചതായി ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽ അലവി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് സ്വന്തം വിപണിയിൽ പ്രാദേശിക തലത്തിൽ അറേബ്യൻ ആതിഥ്യം അനുഭവിക്കാൻ അവസരം ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 2020 ഓടുകൂടി ഗൾഫ് എയർ തങ്ങളുടെ ഓപ്പറേറ്റിംഗ് ഉദ്യോഗസ്ഥർക്കും, ഫ്രണ്ട് ലൈൻസ് സ്റ്റാഫുകൾക്കും പൂർണമായും വാക്സിൻ നൽകിയിട്ടുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ 100% വാക്സിൻ സ്വീകരിച്ച് എയർലൈൻസായി ഗൾഫ് എയർ മാറി. അതോടൊപ്പം ഗൾഫ് എയറിൽ യാത്ര ചെയ്യുന്നതിനിടയിൽ രോഗനിർണയം നടത്തുകയോ അല്ലെങ്കിൽ അപ്രതീക്ഷ സാഹചര്യങ്ങളിൽ കൊവിഡ് ബാധിക്കുകയോ ചെയ്ത യാത്രക്കാർക്ക് ഗൾഫ് എയർ ചികിത്സാചെലവും ക്വാറന്റൈൻ ചിലവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.