ബഹ്​റൈനിലെ പുതിയ യാത്രാ നിബന്ധനകൾ ജൂൺ 25 മുതൽ പ്രാബല്യത്തിൽ; റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക് നിലവിലെ നിയന്ത്രണങ്ങൾ തുടരും

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങളുടെ പുതുക്കിയ തീരുമാനങ്ങൾ ജൂൺ 25 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. റെഡ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങളെ രണ്ടായി തരാം തിരിച്ചാണ് പുതിയ നിബന്ധനകൾ. കൊറോണ വൈറസ്സിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബഹ്റൈൻ റെഡ് ലിസ്റ്റ് ചെയ്ത ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിസിറ്റിംഗ് വിസക്കാർക്കുള്ള നിയന്ത്രണങ്ങൾ തുടരും, റെസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രമാകും പ്രവേശനം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ ക്യൂ ആർ കോഡോഡ് കൂടിയ കോവിഡ് പരിശോധനാ ഫലം കൊണ്ടാകണം വരേണ്ടത്. എയർപോർട്ടിൽ എത്തുമ്പോഴും പത്താം ദിനവും കോവിഡ് പരിശോധന നടത്തണം. കോവിഡ്​ പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്​, ബഹ്​റൈൻ ഇ-ഗവൺമെൻറ്​ പോർട്ടൽ എന്നിവ വഴി​യോ വിമാനത്താവളത്തിലെ കി​യോസ്​കിൽ കറൻസിയിലോ കാർഡ്​ വഴിയോ അടക്കാവുന്നതാണ്​.

റെഡ്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പത്തു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ ഏച്ച് ആർ എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് സർവീസിന്റെ രേഖ യാത്രക്കാർ ഹാജരാക്കണം. 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവുകളുണ്ട്. റെഡ്‌ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന വാക്‌സിൻ സ്വീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവുകൾ ഒന്നും തന്നെയില്ല.

റെഡ്‌ലിസ്റ്റ് ചെയ്യപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ ക്യൂ ആർ കോഡോഡ് കൂടിയ കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. വന്നിറങ്ങുമ്പോഴും പത്താം ദിനവുമുള്ള കോവിഡ് പരിശോധന ഈ രാജ്യങ്ങളിൽ നിന്നുള്ള 6 വയസിന് മുതിർന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ്. ബഹ്‌റൈൻ അംഗീകൃത വാക്‌സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് പത്തു ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ നിന്നും ഇളവുകൾ ലഭിക്കും.

റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ കോവിഡ്​ പരിശോധന, ക്വാറൻറീൻ എന്നിവയിൽ ഇളവുകൾ നൽകിയിട്ടുണ്ട്​.

1. ബഹ്​റൈൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നേടിയ യാത്രക്കാർക്ക്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പുളള കോവിഡ്​ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല. ഇവർ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചവരായിരിക്കണം. ബഹ്​റൈൻ, ജി.സി.സി, ഗ്രീസ്​, സൈപ്രസ്​, ഹംഗറി, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ്​ ഇത്​ ബാധകം. ഇവർ ബഹ്​റൈനിൽ എത്തു​മ്പോഴും തുടർന്ന്​ 10ാം ദിവസവും കോവിഡ്​ ടെസ്​റ്റ്​ നടത്തണം.

2. അമേരിക്ക, യു.കെ, യൂറോപ്പ്​, കാനഡ, ആസ്​ട്രേലിയ, ന്യൂസിലൻഡ്​, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ലഭിച്ച പൂർണ്ണമായും വാക്​സിൻ സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ആവശ്യമില്ല. ഇവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള ടെസ്​റ്റും ബഹ്​റൈനിൽ എത്തിയ ശേഷമുള്ള രണ്ട്​ ടെസ്​റ്റുകളും നടത്തണം.