മനാമ: കോവിഡ് -19 പ്രത്യാഘാതം അനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള മൂന്നു മാസത്തേക്കുള്ള പദ്ധതിയുമായി ‘തംകീൻ’. ബഹ്റൈനിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ച സഹാചര്യത്തിലാണ് തംകീൻ സഹായം നൽകുന്നത്. സ്വകാര്യ മേഖലയിലെവ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായം നൽകുന്നതിനുള്ള അർധ സ്വയംഭരണ സർക്കാർ ഏജൻസിയാണ് തംകീൻ. അർഹരായ സ്ഥാപനങ്ങൾക്ക് ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂലൈ 11 ആണ് അവസാന തീയതി.
ബിസിനസ് തുടർച്ചാ സഹായ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങൾക്കാണ് സഹായം ലഭിക്കുക. സി.ആർ/ലൈസൻസ് നിലവിലുള്ളവരായിരിക്കണം അപേക്ഷകർ. 50 തൊഴിലാളികൾ വരെയുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് സഹായത്തിന് പരിഗണിക്കുന്നത്. എന്നാൽ, പൂർണ്ണമായും അടച്ചിടേണ്ടി വന്ന മേഖലകൾക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ 2021ന് മുമ്പ് രജിസ്റ്റർ ചെയ്തവയായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർക്ക് www.tamkeen.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ തംകീൻ വെബ്സൈറ്റിൽ ലഭിക്കും.
സഹായം ലഭിക്കുന്ന മേഖലകൾ:
- കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ
- ഡെ കെയർ സെൻററുകൾ
- ജിംനേഷ്യങ്ങൾ, ഫിറ്റ്നസ് സെൻററുകൾ
- സലൂണുകൾ, സ്പാ
- സ്റ്റോറൻറുകൾ, കഫേകൾ (മുഖ്യമായും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നവ)
- വെഡ്ഡിങ് ഹാളുകൾ
- റീട്ടെയിൽ ഷോപ്പുകൾ (ഭക്ഷ്യേതര ഇനങ്ങൾ)
- ട്രാവൽ ആൻറ് ടൂറിസം ഏജൻസികൾ
- ഈവൻറ് പ്ലാനിങ് കമ്പനികൾ