മനാമ: കൊറോണ വൈറസിനെതിരെ കൂടുതൽ പ്രതിരോധ ശേഷി ആർജിക്കുന്നതിൻറെ ഭാഗമായി ബഹ്റൈനിൽ സിനോഫാം വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇതേ തുടർന്ന്, ആരൊക്കെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം, എപ്പോഴാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യവും മാനദണ്ഡങ്ങളും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
വാക്സിൻ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ:
1. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചാലും നിശ്ചിത സമയക്രമം അനുസരിച്ച് രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസിൻറെ സമയം ക്വാറൻറീൻ കാലയളവിലാണെങ്കിൽ ക്വാറൻറീൻ കഴിഞ്ഞ ഉടൻ സ്വീകരിക്കണം
2. 2020ൽ രോഗമുക്തി നേടുകയും ഇതുവരെ വാക്സിൻ സ്വീകരിക്കുകയും ചെയ്യാത്തവർ ഏതെങ്കിലും വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കണം
3. 2021ൽ രോഗമുക്തി നേടുകയും ഇതുവരെ വാക്സിൻ സ്വീകരിക്കുകയും ചെയ്യാത്തവർ ഫൈസർ-ബയോൺടെക് വാക്സിൻ ഒറ്റ ഡോസ് അല്ലെങ്കിൽ മറ്റേതെങ്കിലും വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കണം.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ:
1. 2020ൽ രോഗമുക്തി നേടുകയും രണ്ട് ഡോസ് സിനോഫാം വാക്സിൻ സ്വീകരിക്കുകയും ചെയ്തവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
2. 2021ൽ രോഗമുക്തി നേടുകയും രണ്ട് ഡോസ് സിനോഫാം വാക്സിൻ സ്വീകരിക്കുകയും ചെയ്തവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയില്ല
3. അപകടസാധ്യതാ വിഭാഗത്തിലുള്ളവർ (കോവിഡ് പ്രതിരോധ മുന്നണിപ്പോരാളികൾ, 50 വയസ്സിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ) സിനോഫാം വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിയുമ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം
4. മറ്റുള്ളവർ സിനോഫാം വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിയുേമ്പാൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം
5. ഫൈസർ-ബയോഎൻടെക്, ആസ്ട്രസെനക്ക, സ്പുട്നിക് വി എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് ആവശ്യമില്ല.