മനാമ: രാജ്യത്ത് സ്വന്തമായി കാർ ഉള്ളവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് പഠനങ്ങൾ. ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഒന്നിലേറെ കാറുകൾ സ്വന്തമായി ഉള്ളവരാണ് പലരും. 2020 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 20,600 വില്ലകളിൽ താമസിക്കുന്നവർക്ക് ആറോ അതിലധികമോ കാറുകളാണ് സ്വന്തമായുള്ളത്. ആകെ 1,69,000 ഭവന യൂണിറ്റുകളാണ് രാജ്യത്തുള്ളത്.
ആറോ അതിലധികമോ കാറുകൾ ഉള്ളവരിൽ അധികവും നോർത്തേൺ ഗവർണറേറ്റിലുള്ളവരാണ്. 8287 പേർക്കാണ് ഇവിടെ ഇത്രയും കറുകളുള്ളത്. ക്യാപിറ്റൽ ഗവർണറേറ്റിൽ 4355 പേർക്കും ദക്ഷിണ ഗവർണറേറ്റ് പരിധിയിൽ 4307 പേർക്കും മുഹറഖ് ഗവർണറേറ്റിൽ 3652 പേർക്കും ആറോ അതിലധികമോ കാറുകൾ സ്വന്തമായുണ്ട്. അഞ്ച് കാറുകളുള്ള വില്ലകളുടെ എണ്ണം 11,245 ആണ്. നോർത്തേൺ ഗവർണറേറ്റിൽ 4113 വില്ലകളിലും കാപിറ്റൽ ഗവർണറേറ്റിൽ 2621 വില്ലകളിലും മുഹറഖ് ഗവർണറേറ്റിൽ 2297 വില്ലകളിലും ദക്ഷിണ ഗവർണറേറ്റിൽ 22, 144 വില്ലകളിലുമാണ് അഞ്ച് കാറുകളുള്ളത്.