വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യത്തിനായി മൊബൈൽ ഫോൺ കൈമാറി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ നിർധനരായ ആറ് വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോൺ കൈമാറിയത്. കൊറോണ മൂലം ഈ വർഷവും സ്കൂളിൽ പോകാനാകാത്തതിനാലും, ഓൺലൈൻ പഠന-സൗകര്യങ്ങൾ ഇല്ലാത്തതിനാലും അധ്യയനം മുടങ്ങുമെന്ന ആശങ്കയിലായിരുന്ന സാഹചര്യത്തിലാണ് പഠനസൗകര്യമൊരുക്കാൻ വീ കെയർ ഫൌണ്ടേഷൻ മുൻപോട്ടുവന്നത്. ഈ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകനായ ശ്രീ. ശരത്കുമാർ മാസ്റ്റർ സംഘടനാ ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂളിൽ വച്ച് നടന്ന ഹ്രസ്വമായ ചടങ്ങിൽ ഒരുമനയൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീ. കെ. വി. രവീന്ദ്രനും, അദ്ധ്യാപകരും ചേർന്ന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികളടങ്ങിയ ” ഒരുമ ” പുസ്തകവും കുട്ടികൾക്ക് സമ്മാനിച്ചു.
യുവതലമുറയുടെ ഭാവിയെ മുന്നിൽകണ്ട് ഇത്തരത്തിലുള്ള സഹായം നൽകാൻ മുന്നോട്ടു വന്ന വീ കെയർ ഫൌണ്ടേഷൻ ഭാരവാഹികൾക്കും, ഫോൺ സംഭാവന ചെയ്ത സുമനസ്സുകൾക്കും PTA കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ഈ ദുരിതകാലഘട്ടത്തിലും നന്മയുടെ ഉറവവറ്റാത്ത പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയ എല്ലാവർക്കും വീ കെയർ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.