മനാമ: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഒന്നാം നിരയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ വീണ്ടും ഇടംപിടിച്ചത്. മനുഷ്യക്കടത്തിനിരയാകുന്നവരുടെ സംരക്ഷണത്തിനുള്ള നിയമം പാലിക്കുന്നതിലെ വിജയമാണ് ബഹ്റൈനെ ഈ നേട്ടത്തിനർഹമാക്കിയത്. മുൻ നിരയിൽ ഇടം നേടിയ ഏക ജി.സി.സി, അറബ് രാജ്യം കൂടിയാണ് ബഹ്റൈൻ.
മനുഷ്യക്കടത്ത് ഇല്ലാതാക്കുന്ന മാനദണ്ഡങ്ങൾ ബഹ്റൈൻ പാലിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഹാമാരിയുടെ പ്രത്യാഘാതം നേരിട്ടെങ്കിലും കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് 31 വരെ സർക്കാർ ഗൗരവതരവും സുസ്ഥിരവുമായ ശ്രമങ്ങൾ ഇക്കാര്യത്തിൽ നടത്തി. മനുഷ്യക്കടത്ത് വിരുദ്ധ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസും പ്രത്യേക ഉന്നത കോടതി സ്ഥാപിച്ചതും ഇതിന് ഉദാഹരണമാണ്. നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാനും മഹാമാരിക്കാലത്ത് തൊഴിൽനഷ്ടപ്പെട്ട കുടിയേറ്റക്കാരുടെ സംരക്ഷണത്തിനും നടപടികൾ സ്വീകരിച്ചു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് തടയുന്നതിലും ബഹ്റൈൻ കൈവരിച്ച പുരോഗതി രാജ്യത്ത് നിലനിൽക്കുന്ന മനുഷ്യാവകാശ സംസ്കാരത്തിൻറെ ഫലമാണെന്ന് പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻറെ മാതൃക അന്തർദേശീയ രംഗത്ത് പ്രാധാന്യം നേടിയതായും അവർ പറഞ്ഞു.
വിവേചനമില്ലാതെ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും തുല്യതയും മനുഷ്യാവകാശവും ഉറപ്പാക്കുന്നതിനുള്ള ഹമദ് രാജാവിൻറെ മാർഗനിർദേശങ്ങളുടെയും വിവേകപൂർണമായ കാഴ്ചപ്പാടിൻറെയും ഫലമാണ് ഈ നേട്ടമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലവി പറഞ്ഞു.