മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമത്തിലെ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് സമിതി പ്രവർത്തനം ആരംഭിച്ചു.
ഈ കാലയളവിൽ ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അമിത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളിൽനിന്നും മറ്റ് അപകടങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ച വിശ്രമം. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായാണ് സമിതി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
തുടർച്ചയായ മൂന്നാം വർഷമാണ് നിരോധനം നിരീക്ഷിക്കുന്നതിനായി രാജ്യം മുൻകൈയെടുക്കുന്നത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ 2013 ലെ ഉത്തരവാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് ഫോട്ടോ എടുത്ത് സ്ഥലവും സമയവും ഉൾപ്പെടെ എൻ ഐ എച് ആർ ന്റെ വാട്സ്ആപ്പ് നമ്പറായ 17111666 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ്. കൂടാതെ നിയമലംഘനങ്ങൾ എൻ ഐ എച് ആർയുടെ ടോൾ ഫ്രീ നമ്പറായ 8000114 വഴിയും റിപ്പോർട്ട് ചെയ്യാം.
പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴ ചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. 2007ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പിലാക്കിയത്.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാൻ ഉച്ചവിശ്രമനിയമം ബന്ധപ്പെട്ട എല്ലാവരും കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിർമാണപ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം തൊഴിൽ സമയം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ബഹ്റൈൻറെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.