മനാമ: ശൈഖ് ഈസ ബിൻ സൽമാൻ സ്ട്രീറ്റിന്റെ ഇരുവശത്തും തണൽ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി എൻജിനീയർ ഷാഖിയ ഹുമൈദാൻ അറിയിച്ചു.
ഉമ്മുൽ ഹസം ജംഗ്ഷൻ മുതൽ ടൂബ്ലി ജംഗ്ഷൻ വരെയുള്ള ആദ്യഘട്ടമാണ് പൂർത്തിയായത്. പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന തെരുവുകളിലെ സൗന്ദര്യവത്കരണത്തിനും സർക്കാരും മന്ത്രാലയവും പുലർത്തുന്ന ജാഗ്രത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ പച്ചപ്പ് വർദ്ധിപ്പിക്കുകയും അതുവഴി സുസ്ഥിര വികസനവുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലെ തെരുവുകളിലും പ്രധാന കവലകളിലും മരങ്ങൾ നട്ടുപിടിപ്പിച്ച് തണലൊരുക്കുന്നതാണ് പദ്ധതി. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ചാണ് രാജ്യത്തെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അനുയോജ്യമായ സസ്യങ്ങളും വൃക്ഷങ്ങളും തിരഞ്ഞെടുക്കുന്നത്. ഇതു കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും താപനില കുറയ്ക്കുന്നതിനും പ്രാദേശിക സസ്യങ്ങളുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് ഷാഖിയ ഹുമൈദാൻ കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായാണ് ശൈഖ് ഈസ ബിൻ സൽമാൻ സ്ട്രീറ്റിൽ മരങ്ങൾ നട്ടുവളർത്തുന്നത്. റോഡിന്റെ വികസനവും സൗന്ദര്യവത്കരണവും മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 2023ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,520 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും 2,600 മീറ്റർ നീളത്തിലുമാണ് ആദ്യഘട്ട വികസന പ്രവർത്തനം നടത്തിയത്. 320 പൂമരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആൽ, വേപ്പ്, അക്കേഷ്യ തുടങ്ങിയ തണൽ മരങ്ങളും ചെമ്പരത്തിയും ഇരുവശങ്ങളിലും നട്ടുപിടിപ്പിച്ചു.