മനാമ: ബഹ്‌റൈനിൽ നിന്ന് കുവൈത്തിലേക്കുള്ള ഗൾഫ് എയർ ഫ്ലൈറ്റ് ജി.എഫ് 215 ലാൻഡിംഗിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അപകടത്തിൽപെട്ടു. 62 യാത്രക്കാരും ഏഴ് ക്രൂ അംഗങ്ങളും അപകടത്തിൽ നിന്നും രക്ഷപെട്ടു . കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് ഗൾഫ് എയർ ഉദ്യോഗസ്‌ഥരുടെ നേതൃത്തത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിൽ ഗൾഫ് എയർ അന്വേഷണം ആരംഭിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതമായി വിമാനം പുറത്തെത്തിച്ചതായി ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അബ്ദുൽഹമീദ് അൽഅലവി അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകി. സംഭവവുമായി ബന്ധപ്പെട്ട് ക്രൂ അംഗങ്ങൾ സ്വീകരിച്ച നടപടികൾക്ക് അദ്ദേഹത്തിന്റ റോയൽ ഹൈനസ് നന്ദി അറിയിച്ചു. ക്രൂ അംഗങ്ങൾക്ക് കുവൈറ്റ് അധികൃതർ നൽകിയ പിന്തുണയെ റോയൽ ഹൈനസ് അഭിനന്ദിച്ചു. അവരുടെ സഹകരണം എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.